ഇന്ത്യന്‍
ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ പതിനഞ്ചും നാല്‍പത്തി അഞ്ചും നാല്‍പത്തി ഏഴും
കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. അവരുടെ ആരോഗ്യ -
സാമൂഹിക - വിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തുക എന്നത്
ഭരണഘടനാനുസൃതമായിത്തന്നെ രാജ്യത്തിന്റെ ചുമതലയാണ്.
1989
ഡിസംബര്‍ ഇരുപതിന് ചേര്‍ന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനം കുട്ടികളുടെ അവകാശ
സംരക്ഷണത്തിനുവേണ്ടി അംഗരാജ്യങ്ങള്‍ സ്വീകിരിച്ചിരിക്കേണ്ട
നടപടികളെക്കുറിച്ച് വ്യക്തമായ രൂപരേഖ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ
അവലംബമാക്കിയാണ് 2000 ഡിസംബര്‍ മൂന്നിന് 'ജുവനൈല്‍ കെയര്‍ ആന്റ്
പ്രൊട്ടക്ഷന്‍ ആക്ട് 2000' ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതുപ്രകാരം
ആരാണ് 'ജുവനൈല്‍' എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ
പ്രായപരിധിയില്‍പെടുന്ന കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പെട്ടാല്‍
സ്വീകരിക്കേണ്ട നിയമ നടപടികള്‍ എന്തൊക്കെ, അതിനുവേണ്ടി പ്രത്യേകം
സ്ഥാപിക്കേണ്ട ജുവനൈല്‍ കോടതികളുടെ ഘടന എങ്ങനെയാവണം, അനാഥരും
കുറ്റകൃത്യങ്ങളിലകപ്പെടുന്നവരുമായ കുട്ടികള്‍ക്ക് താമസിക്കാന്‍
സംസ്ഥാനങ്ങളിലും ജില്ലകള്‍തോറും ഷെല്‍ട്ടര്‍ ഹോമുകളും റിഹാബിലിറ്റേഷന്‍
സെന്ററുകളും സ്ഥാപിക്കേണ്ടത് ഏതു രീതിയിലാണ് എന്നൊക്കെ ഈ നിയമത്തില്‍
വ്യക്തമാക്കിയിട്ടുണ്ട്.
മുതിര്‍ന്നവരില്‍നിന്ന്
വ്യത്യസ്തമായി, കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഏറെ
സൗഹാര്‍ദ്ദപരമായും അവരുടെ ഭാവിയും നന്മയും
ലക്ഷ്യംവെച്ചുകൊണ്ടുമായിരിക്കണമെന്ന് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
'ജുവനൈല്‍' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പതിനെട്ട് വയസ് പൂര്‍ത്തിയാകാത്ത
കുട്ടി എന്നാണ്.
2006ലെ
ഭേദഗതി പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ ഓരോ ജില്ലകളിലും ഒന്നോ അതിലധികമോ
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ തൃപ്തിയില്ലാത്തവര്‍ക്ക് ജില്ലാ കോടതിയെയോ
ഹൈക്കോടതിയെയോ സമീപിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെക്കുറിച്ച് ബന്ധപ്പെട്ട ജുവനൈല്‍
പൊലീസില്‍ അറിയിച്ചുകഴിഞ്ഞാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവരെ
ബോര്‍ഡ് മുമ്പാകെ ഹാജരാക്കാന്‍ ജുവനൈല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
കുട്ടിയെ
പൊലീസ് ലോക്കപ്പില്‍ വെക്കാനോ ജയിലിലയക്കാനോ പാടില്ല. ആക്ടിലെ സെക്ഷന്‍
പന്ത്രണ്ട്, കുട്ടികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെക്കുറിച്ചാണ്
വിശദീകരിക്കുന്നത്. കുട്ടിക്കുറ്റവാളികളെ രക്ഷിതാക്കള്‍ക്കോ സംരക്ഷകര്‍ക്കോ
ജാമ്യത്തിലെടുക്കാവുന്നതാണ്. സാധാരണ ഗതിയില്‍ കുട്ടിക്ക് ജാമ്യം
അനുവദിക്കാറുണ്ടെങ്കിലും ജാമ്യം നല്‍കി പുറത്തുവിടുന്നത് കുട്ടിക്ക്
ഏതെങ്കിലും വിധത്തില്‍ അപകടമുണ്ടാക്കുമെന്ന് തോന്നുന്നപക്ഷം അത്
നിഷേധിക്കാനുള്ള അവകാശവും ബോര്‍ഡിനുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട
കുട്ടികളെ ഒബ്‌സര്‍വേഷന്‍ ഹോമുകളിലേക്കാണ് അയക്കാറ്. കൊല പോലെയുള്ള
ഗൗരവകരമായ കൃത്യങ്ങളിലാണ് ജാമ്യം നിഷേധിക്കാറ്.
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട
ചുമതല ബന്ധപ്പെട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേറ്റുമാര്‍ക്കാണ്. ആവശ്യമായ
ഇടക്കാല ഉത്തരവുകളിലൂടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാനുള്ള അധികാരങ്ങള്‍ സി.ജെ.എമ്മില്‍ നിക്ഷിപ്തമാണ്. കുറ്റം
ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കുട്ടിയെ സ്വന്തപ്പെട്ടവര്‍ക്കൊപ്പം
പോകാന്‍ അനുവദിക്കുകയോ, അവനെ/അവളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയോ
ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിര്‍ത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുകയോ ആവാം.
ഇതിനുള്ള ഉത്തരവുകള്‍ സി.ജെ.എം നടത്തും.
കുട്ടിക്കുറ്റവാളികളുടെ
പേരുകള്‍ മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും രീതിയിലോ
പരസ്യപ്പെടുത്തുന്നതിനെ നിയമം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പേരുകള്‍
വെളിപ്പെടുത്തേണ്ട ആവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളില്‍
അതിനനുവദിച്ചുകൊണ്ട് ബോര്‍ഡ് ഉത്തരവ് നല്‍കാറുണ്ട്. കുട്ടികളുടെ ചുമതല
വഹിക്കേണ്ട ജുവനൈല്‍ പൊലീസ് അധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ
വീഴ്ചപറ്റിയാല്‍ ആറ് മാസംവരെ അവര്‍ക്ക് തടവ് നല്‍കാവുന്നതാണ്. കുട്ടികളെ
യാചനക്ക് ഉപയോഗിക്കുന്നതായി തെളിയിക്കപ്പെട്ടാലും ശിക്ഷയുണ്ട്. മൂന്ന്
വര്‍ഷംവരെ തടവും, തടവും പിഴയും ഒന്നിച്ചോ ലഭിക്കാം.
കുട്ടികള്‍ക്ക്
മദ്യമോ മയക്കുമരുന്നോ നല്‍കുന്നതായി തെളിഞ്ഞാല്‍ പ്രതിക്ക്
മൂന്നുവര്‍ഷംവരെ തടവും കോടതി കല്‍പിക്കുന്ന പിഴയും തടവും ഒന്നിച്ചോ
നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
2006ലെ
ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) അമന്റ്‌മെന്റ് ആക്ട്
പ്രകാരം ജമ്മു കശ്മീര്‍ ഒഴിച്ചുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഒരു
വര്‍ഷത്തിനകംതന്നെ എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍
രൂപീകരിക്കാന്‍ നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ചെയര്‍ പേഴ്‌സണും
നാല് മെമ്പര്‍മാരും ഉള്‍ക്കൊണ്ടുള്ള കമ്മിറ്റിയില്‍ ഒരംഗം വനിതയാണ്.
1973ല്‍ പാസാക്കിയ ക്രിമിനല്‍ പ്രൊസീഡ്വര്‍ കോഡ് പ്രകാരമുള്ള
അധികാരങ്ങളെല്ലാം ഈ കമ്മിറ്റിയിലും നിക്ഷിപ്തമാണ്. മെമ്പര്‍മാര്‍ തമ്മില്‍
അഭിപ്രായഭിന്നത ഉണ്ടാകുന്നപക്ഷം തീരുമാനമെടുക്കാനുള്ള അധികാരം ചെയര്‍
പേഴ്‌സനില്‍ നിക്ഷിപ്തമായിരിക്കും.
ആക്ടിലെ
സെക്ഷന്‍ ഇരുപത്തൊന്‍പത് പ്രകാരമാണ് സംസ്ഥാന ഗവണ്‍മെന്റിനെ ചൈല്‍ഡ്
വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കാന്‍ അധികാരപ്പെടുത്തുന്നത്. സംരക്ഷണം
ലഭ്യമാക്കേണ്ട കുട്ടിയെ കമ്മിറ്റിയുടെ സിറ്റിംഗ് ഇല്ലാത്ത സമയങ്ങളില്‍
മെമ്പര്‍മാരുടെ മുമ്പില്‍ ഹാജരാക്കാവുന്നതാണ്. കുട്ടികളുടെ സംരക്ഷണ
ചുമതലകളെക്കുറിച്ചും മറ്റും തീരുമാനിക്കാനുള്ള അന്തിമ അധികാരം
കമ്മിറ്റിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. കുട്ടിയെ കമ്മിറ്റി മുമ്പാകെ
ഹാജരാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍ക്കോ ചൈല്‍ഡ് ലൈന്‍
പ്രവര്‍ത്തകര്‍ക്കോ സ്വമേധയായോ അധികാരമുണ്ട്. സംഭവം അറിഞ്ഞ് ഇരുപത്തിനാല്
മണിക്കൂറിനകംതന്നെ കുട്ടിയെ ഹാജരാക്കാനും അന്വേഷണം നാല് മാസത്തിനകം
പൂര്‍ത്തിയാക്കാനും വ്യവസ്ഥയുണ്ട്.
സംസ്ഥാന
ഗവണ്‍മെന്റുകള്‍ ആറ്മാസം കൂടുമ്പോള്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം
വിലയിരുത്തണം. സെക്ഷന്‍ 42 പ്രകാരം ശിശുക്കള്‍ക്ക് ഫോസ്റ്റ് കെയര്‍
ഹോമുകള്‍ നല്‍കണം. കമ്മിറ്റിയുടെ ഉത്തരവിനെതിരെ, മുപ്പത് ദിവസത്തിനകം
ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കാം. സെക്ഷന്‍ 58 പ്രകാരം കേസിന്റെ
നടപടിക്രമങ്ങള്‍ക്കിടക്ക് ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് റിവിഷ്വനല്‍
അധികാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ലഹരിക്കടിമപ്പെട്ടതോ തുടര്‍ചികിത്സ
ആവശ്യമുള്ളതോ ആയ കുട്ടികളെ എവിടെ ചികിത്സിക്കണമെന്ന് തീരുമാനിക്കാനും
അവരുടെ ക്ഷേമത്തിനുതകുന്ന ഏതു തീരുമാനങ്ങളുമെടുത്ത് ഉത്തരവിറക്കാനും
ബോര്‍ഡിന് സാധിക്കും. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്
കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും ഉപദേശക സമിതികളുമുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗികാതിക്രമങ്ങള്‍ വളരെയേറെ വര്‍ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം
ബ്യൂറോയുടെ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇത് തടയുക എന്ന
ഉദ്ദേശ്യത്തോടെ രണ്ടായിരത്തി പന്ത്രണ്ടിലാണ് 'ദ പ്രൊട്ടക്ഷന്‍ ഓഫ്
ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012) പാര്‍ലമെന്റ്
പാസാക്കിയത്. എല്ലാതരം ചൂഷണങ്ങളില്‍നിന്നും കുട്ടികളെ മോചിപ്പിക്കണമെന്ന്
നിര്‍ദേശിക്കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനഞ്ചും
മുപ്പത്തിഒന്‍പതും. ആക്ടിലെ സെക്ഷന്‍ പത്ത് പ്രകാരം കുട്ടികളെ ലൈംഗികമായി
പീഡിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷംവരെ തടവോ, തടവും
പിഴയും ഒരുമിച്ചോ നല്‍കാവുന്നതാണ്. ലൈംഗിക ചുവയുള്ള
സംഭാഷണങ്ങളിലേര്‍പ്പെടുകയോ കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയോ കുട്ടിയെ
ശല്യപ്പെടുത്തി പിന്‍തുടരുകയോ ചെയ്യുന്നത് ഈ നിയമമനുസരിച്ച്
ശിക്ഷാര്‍ഹമാണ്.
കുട്ടിയുടെ
മൊഴി, കുട്ടി പറയുന്ന അതേ വാക്കുകളില്‍ യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥര്‍
രേഖപ്പെടുത്തണം. കുട്ടിയെ പബ്ലിക് മീഡിയയുമായി
ബന്ധപ്പെടുത്തുന്നതില്‍നിന്ന് സംരക്ഷണം നല്‍കേണ്ടതും പ്രതിയുമായുള്ള
ബന്ധത്തില്‍നിന്ന് സുരക്ഷിതമാക്കി നിര്‍ത്തേണ്ടതും പൊലീസ് ഓഫീസറുടെ
ബാധ്യതയാണ്.
OTHER STORIES IN THIS SECTION