Sunday, July 12, 2015

ഞാനൊരു നായരാണ്. കാതില്‍ പൂടയില്ലാത്ത നായര്‍. കാതില്‍ പൂടയുള്ളത് അഭിമാനചിഹ്നമായി കാണാത്ത നായര്‍. കാതില്‍ പൂട മുളച്ചാല്‍, അതു ചീകിമിനുക്കി ചെമ്പരത്തിപ്പൂവ് വയ്ക്കുന്നതിനു പകരം, പൂട പ്ലക്ക് ചെയ്ത് നടക്കാന്‍ ആഗ്രഹിക്കുന്ന, എന്‍ എസ് എസുകാരനല്ലാത്ത നായര്‍. എന്‍ എസ് എസിന്റെ തലപ്പത്ത് സുകുമാരന്‍ നായര്‍ എന്ന ചങ്ങനാശ്ശേരി പോപ്പ് വാഴുന്നതുകൊണ്ട് എന്നേയും ആ നായരെപ്പോലെ ആരെങ്കിലും കാണുമോ എന്ന അപമാനം അനുഭവിക്കുന്ന നായര്‍.

പക്ഷെ, ജൂണ്‍ 27 ന് സുകുമാരന്‍നായര്‍ കാട്ടിയ ആ തന്റേടത്തെ അഭിനന്ദിച്ചേ മതിയാകൂ. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത് സുരേഷ്‌ഗോപി (നായരെ) ആണെങ്കിലും അടികൊണ്ടത് ബി ജെ പിക്കാണ്. അടികൊണ്ടത് ബി ജെ പിയ്ക്കാണെങ്കില്‍ നൊന്തത് ആര്‍ എസ് എസിനാണ്. നൊന്തത് ആര്‍ എസ് എസിനാണെങ്കിലും മുറിവേറ്റത് ബ്രാഹ്മണന്റെ ധാര്‍ഷ്ട്യത്തിനാണ്.

അതേ, ആര്‍ എസ് എസ് ഒരു ജാതീയ സംഘടനയാണ്. ബ്രാഹ്മണരുടെ സംഘടന. ഹിന്ദു ഐഡന്റിറ്റി ആര്‍ എസ് എസിന്റെ മുഖംമൂടി മാത്രമാണ്. അതിന്റെ ലക്ഷ്യം ബ്രാഹ്മണ്യത്തിന്റെ അധമമായ അധികാരമോഹമാണ്. ഹിന്ദുത്വവും ഇസ്ലാം-ക്രൈസ്തവ വിരോധവുമെല്ലാം അതിലേക്ക് എത്തുവാനുള്ള ഉപകരണങ്ങള്‍ മാത്രം. ഉപകരണങ്ങള്‍ക്കുള്ളില്‍ നിഗൂഢലക്ഷ്യം ഒളിപ്പിച്ചുവയ്ക്കാനുള്ള ഉപായം ബ്രാഹ്മണന് അറിയാം. ആ അറിവിന് നാലായിരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ അറിവ് ഒരു നുണയില്‍ നിന്നും തുടങ്ങുന്നു. ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം മുഖത്തില്‍ നിന്ന് സൃഷ്ടിച്ചു എന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണന്‍ ശ്രേഷ്ഠനാണെന്നും ഉള്ള നുണ. ശ്രേഷ്ഠരായ ബ്രാഹ്മണ വിഭാഗത്തിലെ ഒരു കുഞ്ഞിന്റെ അപമൃത്യുവിന്റെ കാരണം തേടി രാമന്‍ ചെന്നെത്തിയത് തലകീഴായി കിടന്ന് തപസ്സു ചെയ്ത ശംഭുകന്റെ മുന്നിലാണ്. വേദമന്ത്രങ്ങള്‍ ഉരുക്കഴിയ്ക്കാനോ യാഗം ചെയ്യാനോ പാടില്ലാത്ത അധമന്‍ (ബ്രഹ്മാവിന്റെ കാലില്‍ നിന്ന് സൃഷ്ടിച്ചവന്‍) അതു ചെയ്തു എന്ന പാപത്തിന് രാജാവായ രാമന്‍ ശംഭുകനെ കൊന്നു. അപ്പോള്‍ ദൈവങ്ങള്‍ രാമനുമേല്‍ പുഷ്പവൃഷ്ടി നടത്തി; ഇഷ്ടമുള്ള വരം ചോദിക്കാമെന്ന് പറഞ്ഞു. താന്‍ കൊന്ന ശംഭുകന്റെ ശവശരീരത്തിന്റെ അടുത്തുനിന്നുകൊണ്ട് മരിച്ചുപോയ ബ്രാഹ്മണകുഞ്ഞ് ജീവിക്കട്ടെ എന്ന വരമാണ് രാമന്‍ ചോദിച്ചത്. വരം ലഭിച്ചു. ബ്രാഹ്മണകുഞ്ഞ് മരണത്തില്‍ നിന്ന് തിരിച്ചുവന്നു. ആ രാമനെയാണ് ആര്‍ എസ് എസുകാര്‍ക്കിഷ്ടം. ആ രാമന്റെ ക്ഷേത്രം പണിയാനാണ് ആര്‍ എസ് എസുകാര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ജനസമൂഹത്തെ പരിമിഡായി കണക്കാക്കിയാല്‍ അതിന്റെ മുകളിലത്തെ നാലു ശതമാനമാണ് ബ്രാഹ്മണര്‍. ഏറ്റവും താഴെ യഥാര്‍ത്ഥ അടിത്തറ, താഴ്‌ന്ന വര്‍ണ്ണക്കാരാണ്. അതിനു മുകളിലെ വൈശനും അതിനു മുകളിലത്തെ ക്ഷത്രിയന്റെയും ഇടങ്ങള്‍ക്കു മുകളില്‍ ഏറ്റവും മുകളില്‍, ഉള്ള നാലുശതമാനം പേരാണ് നാലായിരത്തിലേറെ വര്‍ഷങ്ങളായി അവര്‍ക്കു താഴെയുള്ള ബഹുഭൂരിപക്ഷത്തിന്റെയും തലവര കുറിയ്ക്കുന്നത്; വിധി നിര്‍ണ്ണയിക്കുന്നത്.



1990ലെ ഒരു കണക്കനുസരിച്ച്, ജനസംഖ്യയില്‍ നാല് ശതമാനത്തിനു താഴെയുള്ള ബ്രാഹ്മണര്‍ 70 ശതമാനം സര്‍ക്കാര്‍ ജോലി ചെയ്യുന്നു. ഇതെല്ലാം ഗസറ്റഡ് റാങ്കിലുള്ളവയാണ്. ഡപ്യൂട്ടി സെക്രട്ടറി തലം മുതല്‍ മുകളിലുള്ള 500 ഉന്നത ഉദ്യോഗസ്ഥരില്‍ 310 പേര്‍ ബ്രാഹ്മണരാണ് (63%).  26 സംസ്ഥാന ചീഫ് സെക്രട്ടറിമാരില്‍ 19 പേരും ബ്രാഹ്മണരാണ്. 27 ഗവര്‍ണര്‍മാരില്‍ 13 പേര്‍ ബ്രാഹ്മണരാണ്. 16 സുപ്രീംകോടതി ജഡ്ജിമാരില്‍ 9 പേര്‍ ബ്രാഹ്മണരാണ്. 330 ഹൈക്കോടതി ജഡ്ജിമാരില്‍ 166 പേര്‍ ബ്രാഹ്മണരാണ്. 140 അംബാസഡര്‍മാരില്‍ 58 പേര്‍ ബ്രാഹ്മണരാണ്. ആകെയുള്ള 3300 ഐ എ എസ് ഓഫീസര്‍മാരില്‍ 2376 പേര്‍ ബ്രാഹ്മണരാണ്.

കണക്കുകള്‍ വ്യക്തമാക്കുന്ന കാര്യം ഇതാണ്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവികളില്‍  63 ശതമാനത്തിലും ഉള്ളവര്‍ ജനസംഖ്യയുടെ 4 ശതമാനത്തിനു താഴെ മാത്രം വരുന്ന ബ്രാഹ്മണ സമുദായത്തില്‍ നിന്നാണ്. (Outlook, March 10, 2014).

ഇത്രയായിട്ടും ബ്രാഹ്മണസമുദായ സംഘടനയായ ആര്‍ എസ് എസ്. സന്തുഷ്ടരല്ലേ? എന്തിനാണവര്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ അസഹിഷ്ണുത കാട്ടുന്നത്?

ഇതിനുത്തരമാണ് ആര്‍ എസ് എസിന്റെ ജനനം. 1925 സെപ്തംബര്‍ 27 ന് വിജയദശമി നാളിലായിരുന്നു ആര്‍ എസ് എസ് സ്ഥാപിച്ചത്. ആറുപേരായിരുന്നു നാഗ്പൂരിലെ ആദ്യ മീറ്റിംഗില്‍ ഉണ്ടായിരുന്നത്. അവരുടെ ലക്ഷ്യം ബ്രാഹ്മണ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. കാരണം, ബ്രിട്ടീഷ് ഭരണകാലത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  ബ്രാഹ്മണരുടെ പിടി അയഞ്ഞുതുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസാനവാക്കായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ബ്രാഹ്മണന്‍ അല്ലായിരുന്നു. മാത്രമല്ല, ദളിതരുടെ രക്ഷകനും. 1920 ല്‍ ബാലഗംഗാധര തിലകന്‍ എന്ന ബ്രാഹ്മണനേതാവിന്റെ മരണശേഷം ഗാന്ധിയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്.

ആര്‍ എസ് എസിനു രൂപം നല്‍കുന്ന കാലത്ത് മുസ്ലീങ്ങള്‍ നാഗ്പൂരിലും മറ്റും ഒരു ശക്തിയേ ആയിരുന്നില്ല. ജ്യോതിറാവു ഫൂലേ എന്ന സാമൂഹ്യപരിഷ്‌ക്കര്‍ത്താവ് നേതൃത്വം നല്‍കിയ ദളിതരുടെ മോചനമായിരുന്നു ചില ബ്രാഹ്മണര്‍ക്ക് ആര്‍ എസ് എസ് എന്ന ബ്രാഹ്മണസഭ ഉണ്ടാക്കാന്‍ പ്രേരണ നല്‍കിയത്. കാരണം, ജ്യോതിറാവു രൂപം നല്‍കിയ സത്യഷോഡക സമിതിയിലേക്ക് ഹിന്ദുമതത്തിലെ അവര്‍ണ്ണര്‍ കൂട്ടത്തോടെ ചേര്‍ന്നു. (പണ്ട്, ക്രിസ്തുവിനും മുമ്പ് ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേര്‍ന്നതുപോലെ). ദളിതരാണ് ബ്രാഹ്മണന് സസുഖം വാഴാനുള്ള അടിത്തറ പാകുന്നത്. അത് ഇളകിയാല്‍ പിരമിഡിന്റെ മുകളിലെ നാലുശതമാനം മൂക്കുകുത്തി താഴെ വീഴും. അങ്ങനെയുണ്ടാകാനുള്ള സാധ്യത തടയുക എന്നതായിരുന്നു ആര്‍ എസ് എസിന്റെ ലക്ഷ്യം. അടിമകള്‍ എന്നെങ്കിലും തങ്ങള്‍ക്കെതിരെ തിരിയുമോ എന്നു ഭയക്കുന്ന ഉടമകളാണ് ബ്രാഹ്മണസഭയും അവരുടെ സംഘടനയായ ആര്‍ എസ് എസും. അതുകൊണ്ടുതന്നെയാണ് ഗാന്ധി ആര്‍ എസ് എസിന്റെ മുഖ്യശത്രു ആകുന്നതും. ദളിതരുടെ ഉന്നമനത്തിലൂടെ മാത്രമേ ഇന്ത്യയുടെ ഉയര്‍ച്ചയുണ്ടാകൂ എന്നു വാദിച്ച ഗാന്ധിയെ എതിര്‍ക്കാനുള്ള കെല്‍പ്പ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണര്‍ക്കോ, അടിച്ചമര്‍ത്തപ്പെട്ടവന്റെ ശക്തിയെക്കുറിച്ച്  വാചാലമായി പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ബ്രാഹ്മണ നേതൃത്വത്തിനോ  ഇല്ലായിരുന്നു. അതുകൊണ്ടാണ് ആര്‍ എസ് എസുകാര്‍ ഗാന്ധിയെ കൊല്ലുമെന്ന വിചാരം ലഭിച്ചിട്ടും കോണ്‍ഗ്രസിലെ ബ്രാഹ്മണനേതൃത്വം നിശബ്ദത പാലിച്ചത്.



ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ മരണംവരെ ആര്‍ എസ് എസുകാരനായിരുന്നു. നാഥുറാമിനെക്കുറിച്ച് സഹോദരനും ഗാന്ധിവധക്കേസിലെ പ്രതിയുമായ ഗോപാല്‍ ഗോഡ്‌സെ പറയുന്നത് ഇങ്ങനെയാണ്: "All the brothers were in RSS. Nathuram, Dattathreya, my self and Govind. You can say we grew up in the RSS. rather than in our home... Nathuram said in his statement the he left the RSS. He said it because Golwalkar and the RSS. were in a lot of trouble after the murder of Gandhi. But he did not leave RSS.'' (Frontline, January 28, 1994). നാഥുറാം ഗോഡ്‌സെയുടെ ചിതാഭസ്മം ഇന്നും കേശവ് കുഞ്ചില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ചിലര്‍ പറയുന്നു. സത്യം അറിയില്ല. ആര്‍ റ്റി ഐയ്ക്ക് കേശവ്കുഞ്ചില്‍ പ്രവേശനമില്ല.

1948 ഫെബ്രുവരി 27 ന് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. ""His (Gandhi) assassination was welcomed by those of RSS.'' ഗാന്ധിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയ സവര്‍ക്കറുടെ മരണഘോഷയാത്രയില്‍ 2000 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി (Frontline, January 28, 1994).

ആര്‍ എസ് എസ് ഗാന്ധിയെ കൊന്നത് ഗാന്ധി മുസ്ലിംങ്ങളോട് കാണിച്ച സ്‌നേഹം കൊണ്ടല്ല. മറിച്ച് മുസ്ലിം സമുദായത്തിലേക്കും ക്രിസ്ത്യന്‍ സമുദായത്തിലേക്കും മതം മാറുന്നവര്‍ ഹിന്ദുമതത്തിലെ അവര്‍ണ്ണരാണെന്നതുകൊണ്ടാണ്.

1951- ല്‍ ആര്‍ എസ് എസ് അതിന്റെ രാഷ്ട്രീയ സന്തതിയെ പ്രസവിച്ചു. ഭാരതീയ ജനസംഘ്. രാഷ്ട്രീയ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാതെ ആര്‍ എസ് എസിന്റെ ബ്രാഹ്മണ അജണ്ട നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ജനസംഘിന്  രൂപം നല്‍കിയത്. ജനസംഘത്തിന്റെ പുതിയ മുഖമാണ് ബി ജെ പി. ഇതിനു പുറമെ അമ്പതിലേറെ  സംഘടനകള്‍ ഉണ്ട് സംഘപരിവാറിന്റെ കീഴില്‍. സമസ്തമേഖലയിലും ബ്രാഹ്മണരുടെ നിയന്ത്രണമോ അവരുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കാനുള്ള ഇടമോ കണ്ടെത്തുകയാണ് ഈ സകല സംഘടനകളുടേയും നിഗൂഢലക്ഷ്യം. മുസ്ലീംങ്ങളില്‍ എത്തിച്ചേരാനായി 2002 ല്‍ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചും ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയ ഫൗണ്ടേഷനും ആദിവാസികളെ സംഘടിപ്പിക്കുന്ന വനവാസി കല്യാണും ഒക്കെ ചെയ്യുന്നത് ഒരേ കാര്യമാണ്. മറ്റു മതത്തിലേക്ക് ഉള്ള മാറ്റം തടയുക. മതംമാറുന്നത് അവര്‍ണ്ണരാണ്. അവര്‍ണ്ണരില്‍ തീര്‍ത്ത അടിത്തറ ഇളകിക്കൂട. മറ്റു മതത്തിലേക്ക് മാറുന്നത് തടയാന്‍, ആവശ്യമെങ്കില്‍, ആള്‍ക്കാരെ ചുട്ടുകൊല്ലാനും ഈ സംഘടനകള്‍ തയ്യാറാകും. (സ്റ്റെയിന്‍സ് എന്ന വൈദികനെയും മക്കളേയും കാറിലിട്ട് ചുട്ടുകൊന്ന സംഭവം ഓര്‍ക്കുക.) ഇതിനെയൊന്നും ആര്‍ എസ് എസ് നേതൃത്വം അപലപിക്കില്ല.



വി പി സിംഗ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ ആയിരുന്നു ബ്രാഹ്മണമേധാവിത്വത്തിനു കിട്ടിയ ഓര്‍ക്കാപ്പുറത്തുള്ള അടി. ജനസംഘ് കൂടി ഭാഗമായ മന്ത്രിസഭയാണ് മണ്ഡല്‍ നടപ്പിലാക്കിയത്. അതിനെതിരെയുള്ള മറുനീക്കത്തിന്റെ ഭാഗമായാണ് രാമക്ഷേത്ര നിര്‍മ്മാണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ആര്‍ എസ് എസ് ഇട്ടത്. തങ്ങളില്‍ നിന്ന് അകന്നുപോകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണരെ മുഴുവന്‍ ഒറ്റക്കുടക്കീഴിലാക്കി അതിന് നേതൃത്വം കൊടുക്കാനുള്ള ബ്രാഹ്മണന്റെ കുടിലതന്ത്രമാണ് ബാബറി മസ്ജിദ് പൊളിച്ചതിലും നരഹത്യയിലും അവസാനിച്ചത്. അതിന്റെ കനല്‍ കേശവ്കുഞ്ചില്‍ ഇപ്പോഴും അണയാതെ സൂക്ഷിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍.

ആര്‍ എസ് എസില്‍ കൂടെ അല്ലാതെയും ബ്രാഹ്മണര്‍ വിവിധ മേഖലകളില്‍ പിടിമുറുക്കുന്നുണ്ട്; അത് നാലായിരം വര്‍ഷമായി അധികാരം കൈയ്യാളിവന്ന ബ്രാഹ്മണന്റെ, ദീര്‍ഘവീക്ഷണമാണ്.

കാള്‍ മാര്‍ക്‌സ് കണ്ടുപരിചയപ്പെട്ട മുതലാളി - തൊഴിലാളി ബന്ധം ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസം വളര്‍ന്നത്. അത് ജന്മിയും കുടിയാനും തമ്മിലുള്ള ഉടമ-അടിമ ബന്ധമായിരുന്നു. അടിമകള്‍ അവര്‍ണ്ണരും ഉടമകള്‍ ബ്രാഹ്മണരും (ഉദാ: - കേരള ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന നമ്പൂതിരിമാരായിരുന്നു കേരളത്തിലെ ഭൂമിയുടെ 70 ശതമാനത്തിലേറെ കൈവശം വച്ചിരുന്നത്.) അടിയാന്‍മാരുടെ മോചനമായിരുന്നു കമ്മ്യൂണിസത്തിലൂടെ  ഇന്ത്യയില്‍ നടത്താന്‍ ശ്രമിച്ചത്; കേരളത്തില്‍ നടത്തിയത്. ആ സമരമാകട്ടെ, പ്രധാനമായും, ബ്രാഹ്മണര്‍ക്കെതിരെയായിരുന്നു. കാരണം, അവരായിരുന്നു ഭൂപ്രഭുക്കന്‍മാര്‍. രസകരമായ കാര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എത്തിയതും ഇതേ ബ്രാഹ്മണരായിരുന്നു. ഡാങ്കെയും രാജേശ്വരറാവുവും ഇ എം എസും (ഇപ്പോളിതാ, യെച്ചൂരിയും).

ഇതിലേറെ രസകരമാണ് ബ്രാഹ്മണ്യത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉണ്ടായ ദ്രാവിഡ മുന്നേറ്റം. അവര്‍ണ്ണര്‍ മഹാഭൂരിപക്ഷമുള്ള തമിഴ്‌നാടിന്റെ മിക്ക നേതാക്കളും ബ്രാഹ്മണരായിരുന്നു. രാമസ്വാമി നായ്ക്കര്‍ രൂപം നല്‍കിയ ദ്രാവിഡ കഴകം പിന്നെ ദ്രാവിഡ മുന്നേറ്റ കഴകമായി, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമായി, ഇപ്പോള്‍ തമിഴ് അയ്യങ്കാര്‍ സ്ത്രീയായ ജയലളിതയില്‍ എത്തിനില്‍ക്കുന്നു. അവര്‍ണ്ണനായ കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകം ചരിത്രമായിത്തീരാന്‍ കുറച്ചുനാള്‍ മാത്രമേ അവശേഷിയ്ക്കുന്നുള്ളു.

ആര്‍ എസ് എസിന്റെ ബ്രാഹ്മണ രാഷ്ട്രീയം എന്‍ എസ് എസിന്റെ ആസ്ഥാനത്ത് വേണ്ട എന്ന് സുകുമാരന്‍ നായര്‍ മറ്റൊരു നായരായ സുരേഷ്‌ ഗോപിയോട് പറഞ്ഞപ്പോള്‍, പെരുന്ന നായര്‍, യഥാര്‍ത്ഥത്തില്‍ അടികൊടുത്തത് കേശവ്കുഞ്ചിലെ ബ്രാഹ്മണ ശ്രേഷ്ഠനായ മോഹന്‍ ഭഗവത്തിനായിരുന്നു. അത്, ആ അര്‍ത്ഥത്തില്‍ സുകുമാരന്‍ നായര്‍ മനസ്സിലാക്കിക്കാണുമോ എന്ന് സംശയമുണ്ട്. കാരണം, ചേട്ടന്‍ ബാവയുടെ അനിയന്‍ ബാവ, കണിച്ചുകുളങ്ങര പോപ്പ്, ഇതേ  ആര്‍ എസ് എസിന്റെ കൊടിയ ബ്രാഹ്മണ വിഷം പേറുന്ന വിശ്വഹിന്ദുപരിഷത്തുമായി വിവാഹ ഉടമ്പടിയില്‍ ഒപ്പുവച്ചത് ഈയടുത്ത കാലത്താണ്. ബ്രാഹ്മണന്റെ ഓരോ മണി അരിയിലും ദളിതന്റെ വിയര്‍പ്പിന്റെ, അപമാനത്തിന്റെ, വേദനയുടെ വിലയുണ്ട് എന്ന കാര്യം ഈഴവസമുദായ നേതാവായ വെള്ളാപ്പള്ളി തിരിച്ചറിയുന്നില്ല. ഇത്തരം പൊങ്ങുതടിയില്‍ കയറിയാണ് ബ്രാഹ്മണന്‍ എന്നും അവന്‍ ആഗ്രഹിക്കുന്ന തീരത്തണയുന്നത്. അവന് പൂര്‍ണ്ണ നിയന്ത്രണമുള്ളിടത്ത് അവന്  വെള്ളാപ്പള്ളിയെപ്പോലുള്ള പൊങ്ങുതടികളുടെ ആവശ്യമില്ല. ബ്രാഹ്മണന്റെ നിഗൂഢലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ ത്രാണിയില്ലാത്ത അവര്‍ണ്ണന്‍ കാക്കിനിക്കറും വെള്ളഷര്‍ട്ടും ധരിച്ച് നില്‍പ്പുണ്ട്. അവരോട് പറഞ്ഞാല്‍ മതി. അവര്‍ എത്ര ഗോധ്ര വേണമെങ്കിലും ഞൊടിയിടകൊണ്ട് ഉണ്ടാക്കും. എത്രപേരെ വേണമെങ്കിലും ചുട്ടുകൊല്ലും. എല്ലാം ഭാരതാംബയ്ക്ക് എന്ന വിശ്വാസത്തോടെ, കുറ്റബോധമില്ലാതെ, ഉറങ്ങിക്കൊള്ളും.



അങ്ങനെയുള്ളവരാണ് നമ്മുടെ പാവം രാജേഷും സുരേന്ദ്രനും ശ്രീധരന്‍പിള്ളയുമൊക്കെ. അവര്‍ ചാനലുകളിലൂടെ മാത്രം ആര്‍ എസ് എസിനുവേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.  അവരാണ് പെരുന്നയിലെ പോപ്പിനെതിരെ ശബ്ദമുയര്‍ത്തിയത്. അവരോടും, പിന്നെ ഒരു സ്ഥാപനത്തില്‍ ഇടിച്ചുകയറിച്ചെന്ന് സ്വയം അപമാനിതനായി ('ഹൃദയം തകര്‍ന്നുപോയ') സുരേഷ് ഗോപിയോടും ഒരു ചോദ്യം. നിങ്ങള്‍ക്കാര്‍ക്കെങ്കിലും നാഗ്പൂരിലെ കേശവ്കുഞ്ചില്‍ കടന്നുകയറി അവിടുത്തെ പോപ്പായ മോഹന്‍ഭഗവത്തിനെ കാണാന്‍ കഴിയുമോ? അനുവാദമില്ലാതെ ചെല്ലുന്നത്, രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്കാണെങ്കിലും, കേശവ് കുഞ്ചില്‍ പ്രവേശനം ലഭിക്കണമെന്നില്ല.

വെറുതെ തമാശയ്ക്ക് ഒരു ചോദ്യം. ഇന്ത്യയില്‍ എവിടെയും പറപ്പിക്കാവുന്ന ദേശീയ പതാക കേശവ് കുഞ്ചില്‍ പറത്താമോ, രാജേഷിനും സുരേന്ദ്രനും?

ഈ ചോദ്യം പണ്ട് കാശ്മീരില്‍ ദേശീയ പതാക നാട്ടാന്‍ പോയി ഭീരുവായി തിരിച്ചുവന്ന ബി ജെ പി പ്രസിഡന്റും നേതാവും ബ്രാഹ്മണനുമായ മുരളീ മനോഹര്‍ ജോഷിയോട് പലരും ചോദിച്ചിരുന്നതാണ്. ജോഷിയ്ക്ക് നാളിതുവരെ ഉത്തരം കൊടുക്കാനായിട്ടില്ല. പിന്നെയാണോ ചാനല്‍ ചര്‍ച്ചകളിലെ കൂലിത്തല്ലുകാരായ രാജേഷിനും സുരേന്ദ്രനും ശ്രീധരന്‍പിള്ളയ്ക്കും?

സുകുമാരന്‍നാര്‍ പ്രകടമായും മണ്ടനാണ്. അയാളുടെ ബോഡി ലാംഗ്വേജില്‍ അല്‍പ്പത്തത്തിലൂന്നിനില്‍ക്കുന്ന ധാര്‍ഷ്ട്യം വളരെ വ്യക്തമാണ്. അപ്പോഴും, അയാളാണതു ചെയ്തത്. ഒരടി. ഇത്തരം മണ്ടന്‍മാരെ നമുക്ക് ആവശ്യമുണ്ട്. അവര്‍ക്കു മാത്രമേ അതു ചെയ്യാനാകൂ. ആ പ്രവൃത്തിയിലൂടെ സുകുമാരന്‍നായര്‍ കൊടുത്ത സന്ദേശം നായന്‍മാരുടെ മുഴുവന്‍ പിന്‍ബലം ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിന് ഇല്ല എന്നതാണ്. അരുവിക്കര മണ്ഡലത്തിലെ ഈഴവരുടെ വോട്ടുകള്‍ വെള്ളാപ്പള്ളി എന്ന വെനീസിലെ വ്യാപാരിയിലൂടെ ഉറപ്പിച്ച ബ്രാഹ്മണ്യത്തിന് അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. അത്തരം ഒരു കൂട്ടിക്കൊടുപ്പ് കച്ചവടത്തിനാണ്, ഒരു പക്ഷെ, കാര്യമറിയാതെ സുരേഷ് ഗോപിയും വന്നത്. വെള്ളാപ്പള്ളിയെപ്പോലെ വിലപേശാത്തത് സുകുമാരന്‍ നായര്‍ക്ക് മാത്രമല്ല നാടിനും നന്നായി. Fools rush in where angels fear to tread in.

ഇതെഴുതുമ്പോഴും ഞാനഭിമാനിക്കുന്നു.  കേരളത്തില്‍ ഇനിയും ഒരു ബി ജെ പി എം എല്‍ എയോ എം പിയോ ഇല്ലല്ലോ! അതുകൊണ്ടാണോ കേരളത്തെ Gods’ own country  എന്ന് വിളിക്കുന്നത്?
(


Tuesday, August 27, 2013

കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും
- അഡ്വ. ലൈലാ അഷ്‌റഫ്‌
Posted On: 8/28/2013 12:36:49 AM
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ പതിനഞ്ചും നാല്‍പത്തി അഞ്ചും നാല്‍പത്തി ഏഴും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. അവരുടെ ആരോഗ്യ - സാമൂഹിക - വിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് ഭരണഘടനാനുസൃതമായിത്തന്നെ രാജ്യത്തിന്റെ ചുമതലയാണ്.

1989 ഡിസംബര്‍ ഇരുപതിന് ചേര്‍ന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനം കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി അംഗരാജ്യങ്ങള്‍ സ്വീകിരിച്ചിരിക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ രൂപരേഖ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ അവലംബമാക്കിയാണ് 2000 ഡിസംബര്‍ മൂന്നിന് 'ജുവനൈല്‍ കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് 2000' ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതുപ്രകാരം ആരാണ് 'ജുവനൈല്‍' എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ പ്രായപരിധിയില്‍പെടുന്ന കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പെട്ടാല്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ എന്തൊക്കെ, അതിനുവേണ്ടി പ്രത്യേകം സ്ഥാപിക്കേണ്ട ജുവനൈല്‍ കോടതികളുടെ ഘടന എങ്ങനെയാവണം, അനാഥരും കുറ്റകൃത്യങ്ങളിലകപ്പെടുന്നവരുമായ കുട്ടികള്‍ക്ക് താമസിക്കാന്‍ സംസ്ഥാനങ്ങളിലും ജില്ലകള്‍തോറും ഷെല്‍ട്ടര്‍ ഹോമുകളും റിഹാബിലിറ്റേഷന്‍ സെന്ററുകളും സ്ഥാപിക്കേണ്ടത് ഏതു രീതിയിലാണ് എന്നൊക്കെ ഈ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവരില്‍നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഏറെ സൗഹാര്‍ദ്ദപരമായും അവരുടെ ഭാവിയും നന്മയും ലക്ഷ്യംവെച്ചുകൊണ്ടുമായിരിക്കണമെന്ന് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. 'ജുവനൈല്‍' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പതിനെട്ട് വയസ് പൂര്‍ത്തിയാകാത്ത കുട്ടി എന്നാണ്.

2006ലെ ഭേദഗതി പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ ഓരോ ജില്ലകളിലും ഒന്നോ അതിലധികമോ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ തൃപ്തിയില്ലാത്തവര്‍ക്ക് ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെക്കുറിച്ച് ബന്ധപ്പെട്ട ജുവനൈല്‍ പൊലീസില്‍ അറിയിച്ചുകഴിഞ്ഞാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവരെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കാന്‍ ജുവനൈല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.

കുട്ടിയെ പൊലീസ് ലോക്കപ്പില്‍ വെക്കാനോ ജയിലിലയക്കാനോ പാടില്ല. ആക്ടിലെ സെക്ഷന്‍ പന്ത്രണ്ട്, കുട്ടികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. കുട്ടിക്കുറ്റവാളികളെ രക്ഷിതാക്കള്‍ക്കോ സംരക്ഷകര്‍ക്കോ ജാമ്യത്തിലെടുക്കാവുന്നതാണ്. സാധാരണ ഗതിയില്‍ കുട്ടിക്ക് ജാമ്യം അനുവദിക്കാറുണ്ടെങ്കിലും ജാമ്യം നല്‍കി പുറത്തുവിടുന്നത് കുട്ടിക്ക് ഏതെങ്കിലും വിധത്തില്‍ അപകടമുണ്ടാക്കുമെന്ന് തോന്നുന്നപക്ഷം അത് നിഷേധിക്കാനുള്ള അവകാശവും ബോര്‍ഡിനുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട കുട്ടികളെ ഒബ്‌സര്‍വേഷന്‍ ഹോമുകളിലേക്കാണ് അയക്കാറ്. കൊല പോലെയുള്ള ഗൗരവകരമായ കൃത്യങ്ങളിലാണ് ജാമ്യം നിഷേധിക്കാറ്.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേറ്റുമാര്‍ക്കാണ്. ആവശ്യമായ ഇടക്കാല ഉത്തരവുകളിലൂടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള അധികാരങ്ങള്‍ സി.ജെ.എമ്മില്‍ നിക്ഷിപ്തമാണ്. കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കുട്ടിയെ സ്വന്തപ്പെട്ടവര്‍ക്കൊപ്പം പോകാന്‍ അനുവദിക്കുകയോ, അവനെ/അവളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയോ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിര്‍ത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുകയോ ആവാം. ഇതിനുള്ള ഉത്തരവുകള്‍ സി.ജെ.എം നടത്തും.

കുട്ടിക്കുറ്റവാളികളുടെ പേരുകള്‍ മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും രീതിയിലോ പരസ്യപ്പെടുത്തുന്നതിനെ നിയമം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്തേണ്ട ആവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളില്‍ അതിനനുവദിച്ചുകൊണ്ട് ബോര്‍ഡ് ഉത്തരവ് നല്‍കാറുണ്ട്. കുട്ടികളുടെ ചുമതല വഹിക്കേണ്ട ജുവനൈല്‍ പൊലീസ് അധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ചപറ്റിയാല്‍ ആറ് മാസംവരെ അവര്‍ക്ക് തടവ് നല്‍കാവുന്നതാണ്. കുട്ടികളെ യാചനക്ക് ഉപയോഗിക്കുന്നതായി തെളിയിക്കപ്പെട്ടാലും ശിക്ഷയുണ്ട്. മൂന്ന് വര്‍ഷംവരെ തടവും, തടവും പിഴയും ഒന്നിച്ചോ ലഭിക്കാം.

കുട്ടികള്‍ക്ക് മദ്യമോ മയക്കുമരുന്നോ നല്‍കുന്നതായി തെളിഞ്ഞാല്‍ പ്രതിക്ക് മൂന്നുവര്‍ഷംവരെ തടവും കോടതി കല്‍പിക്കുന്ന പിഴയും തടവും ഒന്നിച്ചോ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
2006ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) അമന്റ്‌മെന്റ് ആക്ട് പ്രകാരം ജമ്മു കശ്മീര്‍ ഒഴിച്ചുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനകംതന്നെ എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ചെയര്‍ പേഴ്‌സണും നാല് മെമ്പര്‍മാരും ഉള്‍ക്കൊണ്ടുള്ള കമ്മിറ്റിയില്‍ ഒരംഗം വനിതയാണ്. 1973ല്‍ പാസാക്കിയ ക്രിമിനല്‍ പ്രൊസീഡ്വര്‍ കോഡ് പ്രകാരമുള്ള അധികാരങ്ങളെല്ലാം ഈ കമ്മിറ്റിയിലും നിക്ഷിപ്തമാണ്. മെമ്പര്‍മാര്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാകുന്നപക്ഷം തീരുമാനമെടുക്കാനുള്ള അധികാരം ചെയര്‍ പേഴ്‌സനില്‍ നിക്ഷിപ്തമായിരിക്കും.

ആക്ടിലെ സെക്ഷന്‍ ഇരുപത്തൊന്‍പത് പ്രകാരമാണ് സംസ്ഥാന ഗവണ്‍മെന്റിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കാന്‍ അധികാരപ്പെടുത്തുന്നത്. സംരക്ഷണം ലഭ്യമാക്കേണ്ട കുട്ടിയെ കമ്മിറ്റിയുടെ സിറ്റിംഗ് ഇല്ലാത്ത സമയങ്ങളില്‍ മെമ്പര്‍മാരുടെ മുമ്പില്‍ ഹാജരാക്കാവുന്നതാണ്. കുട്ടികളുടെ സംരക്ഷണ ചുമതലകളെക്കുറിച്ചും മറ്റും തീരുമാനിക്കാനുള്ള അന്തിമ അധികാരം കമ്മിറ്റിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. കുട്ടിയെ കമ്മിറ്റി മുമ്പാകെ ഹാജരാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍ക്കോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കോ സ്വമേധയായോ അധികാരമുണ്ട്. സംഭവം അറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകംതന്നെ കുട്ടിയെ ഹാജരാക്കാനും അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കാനും വ്യവസ്ഥയുണ്ട്.

സംസ്ഥാന ഗവണ്‍മെന്റുകള്‍ ആറ്മാസം കൂടുമ്പോള്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തണം. സെക്ഷന്‍ 42 പ്രകാരം ശിശുക്കള്‍ക്ക് ഫോസ്റ്റ് കെയര്‍ ഹോമുകള്‍ നല്‍കണം. കമ്മിറ്റിയുടെ ഉത്തരവിനെതിരെ, മുപ്പത് ദിവസത്തിനകം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കാം. സെക്ഷന്‍ 58 പ്രകാരം കേസിന്റെ നടപടിക്രമങ്ങള്‍ക്കിടക്ക് ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് റിവിഷ്വനല്‍ അധികാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ലഹരിക്കടിമപ്പെട്ടതോ തുടര്‍ചികിത്സ ആവശ്യമുള്ളതോ ആയ കുട്ടികളെ എവിടെ ചികിത്സിക്കണമെന്ന് തീരുമാനിക്കാനും അവരുടെ ക്ഷേമത്തിനുതകുന്ന ഏതു തീരുമാനങ്ങളുമെടുത്ത് ഉത്തരവിറക്കാനും ബോര്‍ഡിന് സാധിക്കും. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും ഉപദേശക സമിതികളുമുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വളരെയേറെ വര്‍ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം ബ്യൂറോയുടെ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇത് തടയുക എന്ന ഉദ്ദേശ്യത്തോടെ രണ്ടായിരത്തി പന്ത്രണ്ടിലാണ് 'ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012) പാര്‍ലമെന്റ് പാസാക്കിയത്. എല്ലാതരം ചൂഷണങ്ങളില്‍നിന്നും കുട്ടികളെ മോചിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനഞ്ചും മുപ്പത്തിഒന്‍പതും. ആക്ടിലെ സെക്ഷന്‍ പത്ത് പ്രകാരം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷംവരെ തടവോ, തടവും പിഴയും ഒരുമിച്ചോ നല്‍കാവുന്നതാണ്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേര്‍പ്പെടുകയോ കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയോ കുട്ടിയെ ശല്യപ്പെടുത്തി പിന്‍തുടരുകയോ ചെയ്യുന്നത് ഈ നിയമമനുസരിച്ച് ശിക്ഷാര്‍ഹമാണ്.

കുട്ടിയുടെ മൊഴി, കുട്ടി പറയുന്ന അതേ വാക്കുകളില്‍ യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. കുട്ടിയെ പബ്ലിക് മീഡിയയുമായി ബന്ധപ്പെടുത്തുന്നതില്‍നിന്ന് സംരക്ഷണം നല്‍കേണ്ടതും പ്രതിയുമായുള്ള ബന്ധത്തില്‍നിന്ന് സുരക്ഷിതമാക്കി നിര്‍ത്തേണ്ടതും പൊലീസ് ഓഫീസറുടെ ബാധ്യതയാണ്.

Sunday, November 4, 2012

പച്ച’ക്കുറി’യുടെ സമുദായം

പച്ചക്കറിക്ക് മതമില്ല. വേവിക്കുന്നതിനു മുമ്പ് നിറം കൊണ്ടും സ്വഭാവം കൊണ്ടും തനി പച്ചയായതുകൊണ്ടാവാം വെജിറ്റബിളിന് മലയാളത്തില്‍ അങ്ങനെ അര്‍ത്ഥം വന്നു. പക്ഷേ, പശ്ചിമ ബംഗാളില്‍ പച്ച’കുറി’ക്ക് സമുദായമുണ്ട്. തലയില്‍ തട്ടമില്ലെങ്കിലും ചുറ്റിക്കെട്ടിയ പര്‍ദ്ദയില്ലെങ്കിലും മുസ്‌ലിംപെണ്ണിനെ തിരിച്ചറിയാന്‍ നെറ്റിയിലിട്ട ‘പൊട്ട്’ അഥവാ ‘കുറി’വരച്ചത് നോക്കിയാല്‍ മതി. പച്ചയാണോ പെണ്ണ് മുസ്‌ലിം. ചുവപ്പാണെങ്കില്‍ ഹിന്ദു. മുപ്പത്തിരണ്ടു വര്‍ഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിച്ചതിന്റെ മതേതര മെച്ചം. ബഹുകേമം. കാര്യങ്ങളെല്ലാം വര്‍ഗീയതയുടെ ചട്ടിയില്‍ ചുട്ടെടുക്കുന്ന കാലത്ത് ഒന്ന് സ്വാദ് നോക്കിയെന്നു മാത്രം.
പോകെപ്പോകെ കേരളത്തിലും ഒരു കൂട്ടര്‍ എന്തു മിണ്ടിയാലും വര്‍ഗീയതയാണിപ്പോള്‍. മൗനം പാലിച്ചാലോ കുറ്റ സമ്മതവും. അല്ലെങ്കില്‍ ഭീരുത്വം.
കേരള ജനസംഖ്യയിലെ 26 ശതമാനം വരുന്ന ഒരു സമുദായത്തിന്റെ കഴുത്തില്‍ അജ്ഞാത ഭീതിയുടെ കാണാക്കയറിട്ടു മുറുക്കി കാര്യസാധ്യത്തിനിറങ്ങിയിരിക്കുന്നു ചിലര്‍. രാഷ്ട്രീയ ശക്തിയുള്ളവര്‍ അരയില്‍ കെട്ടിയ ചരടു പിടിച്ച് ‘ചാടിക്കളിയെടാ കുഞ്ചിരാമാ’ എന്നു പറഞ്ഞാല്‍ ആടുകയും ഓടുകയും ചെയ്യാന്‍ വിധിക്കപ്പെട്ട ഉത്തരേന്ത്യന്‍ ഗതിയല്ല കേരള മുസ്‌ലിംകള്‍ക്കുള്ളത് എന്നതിന്റെ പുകച്ചില്‍. ”മുസ്‌ലിംലീഗിപ്പോള്‍ കേരളത്തിലെ ഭരണകക്ഷിയാണെന്ന്” ഏതെങ്കിലും ലീഗ് നേതാവ് പരാമര്‍ശിച്ചാല്‍ അത് വര്‍ഗീയതയും കേരളം മുസ്‌ലിംകളുടെ അധീനതയിലാക്കാനുള്ള ഗൂഢനീക്കവുമായി ദുര്‍വ്യാഖ്യാനിച്ച് യുദ്ധം നയിക്കുന്നവര്‍, തൊഗാഡിയമാര്‍ ചീറ്റുന്ന വിഷത്തിനു മുന്നില്‍ മൗനം പാലിക്കുന്നതിലുണ്ട് ഇതിന്റെ ലക്ഷണങ്ങള്‍.
”മുസ്‌ലിമിനെ കടലില്‍ കടക്കാന്‍ അനുവദിക്കില്ലെന്നും കടല്‍ ഹിന്ദു മത്സ്യത്തൊഴിലാളികളുടേതാണെന്നും” തൃശൂര്‍ തൃപ്രയാറില്‍ വന്നാണ് ഒരാഴ്ച മുമ്പ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചത്. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റിന്റെ ആ പ്രസംഗം പത്രത്തില്‍ (2012 ഒക്‌ടോബര്‍ 27) വന്നത് ഇങ്ങനെ: ‘ഗോമാംസം ഭക്ഷിക്കുന്ന മുസ്‌ലിമിന് സമുദ്രത്തിലേക്ക് പ്രവേശനമില്ല. ഗുജറാത്തിലെ കച്ചില്‍ നിന്ന് കേരളം വഴി ബംഗാള്‍ വരെ കടല്‍ ഹിന്ദുവിന്റേതാണ്. മുസ്‌ലിമിന്റെ കയ്യില്‍ നിന്ന് ഇത് യുദ്ധം ചെയ്തായാലും തിരിച്ചുപിടിക്കണം. ഇത് കേരളത്തിലും തുടങ്ങണം. നൂറുകോടി ഹിന്ദുക്കളുടെ പിന്തുണ ഇതിനുണ്ടാകും”. അതുംപറഞ്ഞ് പന്തം മുറുക്കിക്കെട്ടി എണ്ണയില്‍ മുക്കിയേല്‍പിച്ച് തൊഗാഡിയ പോയി. പക്ഷേ തൊഗാഡിയയുടെ വാക്കുകള്‍ കേരളത്തിന്റെ മതമൈത്രിയെയും സമാധാനാന്തരീക്ഷത്തെയും തകര്‍ക്കുമെന്ന് പറയാന്‍ ഒരാളെയും കണ്ടില്ല. മതത്തിന്റെയും സമുദായത്തിന്റെയും ബാധ്യതകളില്ലാത്ത മതേതര മാര്‍ക്‌സിസ്റ്റുകള്‍ പോലും മിണ്ടാതിരുന്നതെന്തിനാകും? പാര്‍ട്ടി മുഖപത്രത്തില്‍ വര്‍ഗീയതയെക്കുറിച്ച് സെക്രട്ടറി എഴുതിയ തുടര്‍ ലേഖനത്തില്‍ പോലും തൊഗാഡിയാപ്രയോഗങ്ങള്‍ കടന്നുവരാതെ സൂക്ഷിച്ചതിന്റെ ജാഗ്രത എന്താകും?
അടുത്ത ദിവസം സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ അതിനു ഉത്തരം നല്‍കുന്നുണ്ട്. ‘കേരളത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് അക്രമങ്ങള്‍ നടത്തുന്നതില്‍ ഭൂരിപക്ഷ സമുദായം പെട്ടിട്ടില്ല’എന്ന്. സദാചാര ഗുണ്ടകളുടെ സമുദായ രക്തം വേര്‍തിരിച്ചു കാണിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവന. തൊഗാഡിയക്കു പിന്നാലെ പിണറായിയും എന്നു വായിക്കേണ്ടി വരുന്ന പൊതുസമൂഹത്തിന്റെ ഗതി. സംഘ് പരിവാറിന്റെ ഭാഷ അച്യുതാനന്ദന്‍ അടിച്ചു പരത്തുമ്പോള്‍ അതിനെ സ്വാഭാവികം എന്നു ധരിക്കാന്‍ കാരണം പലതുണ്ടായിരുന്നു. സമ്പര്‍ക്കം കൊണ്ട് മുസ്‌ലിംജീവിതത്തെ തിരിച്ചറിഞ്ഞിട്ടുള്ള പിണറായി വിജയനും അച്യുതാനന്ദന്റെ റൂട്ടില്‍ തന്നെയാണെങ്കില്‍ പിന്നെന്തു പ്രതീക്ഷ. അതിന്റെ ലക്ഷണങ്ങളാണ് ഓരോന്നായി തെളിഞ്ഞുവരുന്നത്. ലൗ ജിഹാദിന്റെ മറവില്‍ ഇസ്‌ലാം മതത്തിലേക്കു സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് സംഘ് പരിവാറുകളും ഒരു മലയാള വാരികയും ആസൂത്രിതമായി പ്രചരിപ്പിച്ചത് ഏറ്റുപിടിച്ച് ഈ നിയമസഭയില്‍ വിഷയം എടുത്തിട്ടത് മാര്‍ക്‌സിസ്റ്റ് വനിതാ എം.എല്‍.എയായിരുന്നു.
ശബരിമല തീര്‍ത്ഥാടന സമയത്ത് മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് കറുത്ത തുണി വില്‍ക്കരുതെന്ന് മുസ്‌ലിംകള്‍ ഭാരവാഹികളായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സര്‍ക്കുലറയച്ചിരിക്കുന്നു എന്ന സംഘ് പരിവാര്‍ കള്ളക്കഥ മുമ്പ് നിയമസഭയിലവതരിപ്പിച്ചതും സി.പി.എം എം.എല്‍.എ തന്നെ.
ഭൂരിപക്ഷ പ്രീണനത്തിനു കുടപിടിക്കുക മാത്രമല്ല പ്രതിയോഗികളെ വകവരുത്തിയ ശേഷം എതിര്‍ കക്ഷിയുടെ തലയില്‍ കെട്ടിവെക്കുകയും അതിലൂടെ വര്‍ഗീയ കലാപത്തിനാഹ്വാനം നടത്തുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് മുഖം തലശ്ശേരി ഫസല്‍ വധവും കാണിച്ചുതന്നു. ഫസലിന്റെ മൃതശരീരത്തിനു മുന്നില്‍ രോഷവും സങ്കടവുമഭിനയിച്ച് സി.പി.എം നേതാവ് കാരായി രാജന്‍ പ്രസ്താവിച്ചു: ‘മുസ്‌ലിംകള്‍ പരിശുദ്ധമായി കരുതുന്ന പെരുന്നാള്‍ത്തലേന്ന് റമസാന്‍ കാലം അരും കൊലക്കു തെരഞ്ഞെടുത്തതിനു പിന്നില്‍ ആര്‍.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്. തലശ്ശേരിയിലെയും കണ്ണൂരിലെയും സമാധാനം തകര്‍ക്കാനും പ്രദേശത്തെ കലാപത്തിലേക്കു വഴിതിരിച്ചുവിടാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ആര്‍.എസ്.എസിന്റെയും യുവമോര്‍ച്ചയുടെയും നേതാക്കന്‍മാര്‍ ഇന്നലെ രാത്രി ഗൂഢാലോചന നടത്തിയാണ് ഇതു ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.”
സി.പി.എം നേതൃത്വത്തിന്റെ ബുദ്ധിയും ആസൂത്രണവുമായിരുന്നു കലാപനീക്കമെന്ന് കാരായി രാജനെ തന്നെ ഏഴാം പ്രതിയായി സി.ബി.ഐ പിടിച്ചതോടെ വ്യക്തമായി. മുസ്‌ലിം വൈകാരികതയെ കത്തിച്ചുവിടാവുന്ന ഈ പദപ്രയോഗങ്ങളുടെ തുടര്‍ച്ച തന്നെയാണ് ചന്ദ്രശേഖരന്റെ കൊലയാളികള്‍ വാഹനത്തിലൊട്ടിച്ച ‘മാശാ അല്ലാ’ സ്റ്റിക്കറും.
1970കള്‍ക്കു ശേഷം തലശ്ശേരിയില്‍ ഹിന്ദു – മുസ്‌ലിം കലാപമരങ്ങേറാതെ കാത്തുസൂക്ഷിച്ചു പോന്ന പരസ്പര ധാരണയുടെ ചരട് പൊട്ടിച്ച് വര്‍ഗീയ വൈരത്തിന്റെ ചോരപ്പുഴകളൊഴുക്കാനാണ് സി.പി.എം ശ്രമിച്ചത്. നാദാപുരം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയ കലാപമാക്കി വികസിപ്പിച്ച് ഗുജറാത്ത് മോഡലുകള്‍ക്കു കളമൊരുക്കിയ സി.പി.എം ഇവിടെ ആ പണി മറ്റൊരു കൂട്ടരെക്കൊണ്ട് ചെയ്യിച്ച് ആധിപത്യം സ്ഥാപിക്കാന്‍ നടത്തീയ ഹീനതന്ത്രം. സംഘ് പരിവാറിനെ മികച്ചു നില്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധത.
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രചിന്ത വളര്‍ത്താനിറങ്ങിപ്പുറപ്പെട്ടവരെയെല്ലാം ചെല്ലും ചെലവും കൊടുത്തുപോറ്റി സി.പി.എം. വൈകാരിക പ്രശ്‌നങ്ങളില്‍ വിവേകപൂര്‍വം നീങ്ങുന്ന മുസ്‌ലിംലീഗിനെതിരെ തീവ്രവാദികളെ പിന്തുണച്ചു. ഇടതുഭരണത്തിലെ പൊലീസിനെ അവര്‍ക്കായി അയച്ചുവിട്ടുകൊടുത്തു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനാക്രമിച്ച് പ്രതിയെ കൊണ്ടുപോകാന്‍ മാത്രമുള്ള സ്വാതന്ത്ര്യം നല്‍കി തീവ്രവാദികള്‍ക്ക് സി.പി.എം സര്‍ക്കാര്‍.
മുസ്‌ലിംലീഗിന് അഞ്ചാമതൊരു മന്ത്രിയെ കിട്ടിയപ്പോള്‍ സമുദായ സന്തുലനം അട്ടിമറിക്കപ്പെട്ടെന്ന് ആക്രോശിച്ചവരുടെ കൂടെ വേട്ടക്കിറങ്ങാന്‍ സി.പി.എമ്മുണ്ടായിരുന്നു. തൊട്ടുപിന്നാലെ രാജ്യസഭാ മത്സരം വന്നു. കേരളത്തില്‍ നിന്നുള്ള മൂന്നില്‍ രണ്ടു പേര്‍ മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നാവുകയും മുസ്‌ലിം ന്യൂനപക്ഷത്തിനുണ്ടായിരുന്ന സീറ്റ് ഇല്ലാതാവുകയും ചെയ്തത് യു.ഡി.എഫിനെ അടിക്കാന്‍ വേണ്ടി പോലും സി.പി.എമ്മിന്റെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല. പുതിയ ചീഫ് സെക്രട്ടറിയും അതേ രാജ്യസഭാംഗങ്ങളുടെ സമുദായത്തില്‍ നിന്നാണെന്ന് പരിതപിക്കാന്‍ മുസ്‌ലിംലീഗിന്റെ പാരമ്പര്യം അനുവദിക്കുന്നില്ല. പക്ഷെ സമുദായ പ്രീണനത്തിന്റെ ജാതകം നോക്കുന്ന സി.പി.എം എന്തുകൊണ്ടാണ് മൗനമായത്. ഐക്യകേരള ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരേയൊരു ചീഫ് സെക്രട്ടറിയായി വന്ന റിയാസുദ്ദീനെ പുതുക്കം മാറും മുമ്പ് കസേരയില്‍ നിന്നു ചവിട്ടി പുറത്താക്കിയ സി.പി.എം ആണ് ഇപ്പോള്‍ പ്രീണനകഥ നിരത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിനു കാരണം ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണമാണെന്ന് സി.പി.എം വിലയിരുത്തിയതിന്റെ പിറ്റേന്നാണ് അച്യുതാനന്ദ ഭരണത്തില്‍ ബീമാപള്ളി വെടിവെപ്പ് നടന്നത്. 2009 മെയ് 17ന് ഉച്ചക്ക്. നിരപരാധികളായ അഞ്ചു മുസ്‌ലിം യുവാക്കളാണ് മരണപ്പെട്ടത്. കാസര്‍ക്കോട് മറ്റൊരു മുസ്‌ലിം യുവാവിനെ കൂടി വെടിവെച്ചു കൊന്നാണ് സി.പി.എം ഭരണം ഇറങ്ങിപ്പോയത്. ഇതിനെയൊന്നും സാമുദായികമായി ചിത്രീകരിക്കാന്‍ മുസ്‌ലിംലീഗ് മുതിര്‍ന്നിട്ടില്ല. കാരണം കേരളത്തിലെ ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളില്‍ ആഴത്തില്‍ സ്വാധീനമുള്ള ഒരു സംഘടന, ഭരണകൂട നടപടികളെ ഈ വിധം സാമുദായിക വേര്‍തിരിവോടെ സമീപിച്ചാല്‍ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്. ഇതെല്ലാം കേവലം ഭരണ – രാഷ്ട്രീയ വിഷയങ്ങളായി കാണുന്നതിനാണ് മുസ്‌ലിംലീഗ് എക്കാലവും ശ്രമിച്ചത്. ഇത്രയും ഉത്തരവാദിത്തത്തോടെനിലകൊള്ളുന്ന മുസ്‌ലിംലീഗിനെ അളക്കാനാണ് സി.പി.എം വര്‍ഗീയതയുടെ മുഴക്കോലുമായി വരുന്നത്. ”മുസ്‌ലിംലീഗ് സമുദായ സംഘടനയെന്ന തലത്തില്‍ നിന്നും തീവ്രവാദത്തിലേക്കു വഴിമാറിയിരിക്കുന്നു” എന്നാണ് പിണറായി വിജയന്റെ കണ്ടുപിടിത്തം.
മുസ്‌ലിംലീഗുകാര്‍ അനര്‍ഹമായി നേടുന്നു എന്നും സമുദായത്തിനു വാരിക്കോരിക്കൊടുക്കുന്നുവെന്നും സി.പി.എമ്മിനെ പോലൊരു കക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നാടുനീളെ പറഞ്ഞു നടക്കുന്നത് കുരങ്ങിനു ഏണിവെക്കലാണ്. മറ്റാര്‍ക്കും ഇനിയെത്രയും കുടിലമായ വര്‍ഗീയത വിളിച്ചുപറയാനുള്ള ഉത്തേജകമാണത്. പിണറായി ഒന്നു പറഞ്ഞാല്‍ പണിയാന്‍ നടക്കുന്നവര്‍ പത്ത് പറയും. അതിനു തെളിവാണ് ആലപ്പുഴയില്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ പത്രസമ്മേളനത്തെ കുറിച്ചു വന്ന ഈ കുറിപ്പ്: എഴുതിയത് കെ.എ. സൈഫുദ്ദീന്‍ (മാധ്യമം 2012 ഒക്‌ടോ.30).
”മുസ്‌ലിംലീഗ് ഹിന്ദുക്കളുടെ അവകാശങ്ങള്‍ കവരുന്നുവെന്നും അതിനെതിരെ മറ്റു മതസംഘടനകളുമായും ലീഗിന്റെ ചെയ്തികളില്‍ അസംതൃപ്തരായവരുമായും ചേര്‍ന്ന് പ്രക്ഷോഭത്തിനിറങ്ങുമെന്നും അതിനായി ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പറയാനാണ് തുഷാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. കൂട്ടത്തില്‍ മലബാറിലെ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിംലീഗുകാര്‍ മോശമായി പെരുമാറുന്നതായി തുഷാര്‍ പറഞ്ഞു. ‘അതൊന്ന് കൃത്യമായി പറയാമോ’ എന്ന ചോദ്യത്തിന് തുഷാറിന്റെ മറുപടി:
‘മലബാറില്‍ ഏതെങ്കിലും ഓഫീസില്‍ ഒരു ഹിന്ദു എന്തെങ്കിലും ആവശ്യത്തിനായി ചെന്നാല്‍ അത് സാധിക്കില്ല. അതേ സമയം, ഒരു മുസ്‌ലിമാണ് ചെല്ലുന്നതെങ്കില്‍ അത് വേഗം സാധിച്ചുകിട്ടും’.
‘അപ്പോള്‍ മലബാറിലെ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ എല്ലാം മുസ്‌ലിംകളാണോ?’ എന്ന് തിരിച്ചുചോദിച്ചു. ‘അതിന് നിങ്ങള്‍ അവിടെ ഒന്നു ചെന്നു നോക്കണം’ എന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മലബാറില്‍ സ്ഥിരമായി താമസിക്കുന്ന ഒരാളാണ് ഞാന്‍. തുഷാര്‍ പറഞ്ഞതുപോലുള്ള ഒരു ആക്ഷേപം ആദ്യമായാണ് കേള്‍ക്കുന്നത് എന്നു പറഞ്ഞപ്പോള്‍ തുഷാറിന്റെ മറുചോദ്യം ഇപ്രകാരം.
‘താങ്കളുടെ പേരെന്താണ്…?’
‘പേരറിഞ്ഞിട്ടല്ലല്ലോ മറുപടി പറയേണ്ടത്; ചോദ്യത്തിനല്ലേ’?
പേരു പറഞ്ഞപ്പോള്‍ ‘ങാ, അതുകൊണ്ടാണ് താങ്കള്‍ക്കത് അനുഭവപ്പെടാതെ പോയത്’ എന്ന് മറുപടിയും.
മുസ്‌ലിമായതു കൊണ്ടാണ് ആ വിവേചനം അനുഭവപ്പെടാതെ പോയത് എന്ന്. അപ്പോള്‍ പ്രശ്‌നം മുസ്‌ലിംലീഗല്ലെന്നും മുസ്‌ലിമാണെന്നും മനസ്സിലാക്കാന്‍ ആ ഒരൊറ്റ ഉത്തരം മതിയായിരുന്നു.”
രാഷ്ട്രീയച്ചന്തയില്‍ കോളുകാരില്ലാതെ കെട്ടിക്കിടക്കുന്ന പഴയ ചരക്കുകള്‍ വിറ്റഴിക്കാനുള്ള താല്‍ക്കാലിക സൂത്രപ്പണികളാണ് ഇവയെല്ലാമെങ്കിലും അതിന്റെ പ്രത്യാഘാതം പിണറായി വിജയനെ പോലൊരു നയതന്ത്രജ്ഞന്‍ കാണാതെ പോകുന്നത് ക്രൂരമാണ്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മന്ത്രിമന്ദിരത്തിന്റെ ‘ഗംഗ’ യെന്ന വിശുദ്ധ പേര് മാറ്റിയാണ് ‘ഗ്രേസ്’ ഇട്ടത് എന്ന് സി.പി.എം മെമ്പര്‍മാര്‍ വര്‍ഗീയം കലക്കി കോലാഹലമുയര്‍ത്തുമ്പോള്‍ വിവരമുള്ള പിണറായിയെങ്കിലും പറയണമായിരുന്നു, ‘ഗംഗ’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഇന്നോളം ഒരു മന്ത്രിമന്ദിരമുണ്ടായിട്ടില്ലെന്ന്.
പച്ചസാരി വിവാദം കത്തിക്കുമ്പോള്‍ അറിയാമല്ലോ പിണറായിക്ക് അത് സര്‍ക്കുലറില്‍ സമര്‍ത്ഥമായി ഒപ്പിച്ച ഒരു കുരുട്ട് വേലയാണെന്ന്. അതിന്റെ മറ പിടിച്ചാണ് പറഞ്ഞത് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ലീഗുകാര്‍ തൊപ്പിയിടീക്കുമെന്ന്. അരീക്കോട്ടെ ‘പച്ചക്കോട്ട്’ വിവാദത്തില്‍ ആ കോട്ടിന്റെ നിറത്തില്‍ നിന്ന് എങ്ങനെ വേര്‍തിരിച്ചാലും പച്ചകിട്ടില്ലെന്ന് ഏത് സി.പി.എമ്മുകാരനാണറിയാത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വിദ്യാഭ്യാസ താല്‍പര്യമുള്ളവരെ കൊണ്ട് കെട്ടിടം പണിയിച്ച് സര്‍വകലാശാലക്ക് ആസ്തി വര്‍ധിപ്പിക്കുകയല്ലാതെ ഒരിഞ്ചും മറ്റാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സി.പി.എമ്മുകാര്‍ക്ക് അറിയാഞ്ഞിട്ടാണോ?
കള്ള് നിരോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചതിനെ പിന്തുണക്കുകയായിരുന്നു മുസ്‌ലിംലീഗ്. ശ്രീനാരായണ ഗുരു പറഞ്ഞതേ മുസ്‌ലിംലീഗും പറഞ്ഞിട്ടുള്ളൂ എന്ന് ഗുരുഭക്തനല്ലെങ്കിലും അറിയാമല്ലോ പിണറായിക്ക്. എന്നിട്ടും അത് ഇസ്‌ലാമികവല്‍ക്കരണമാക്കി സി.പി.എം.
ഐക്യകേരളം പിറന്ന് 56 വര്‍ഷം കഴിഞ്ഞാണ് മാതൃ ഭാഷക്ക് സര്‍വകലാശാലയുണ്ടാകുന്നത്. അത് ഒരു മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍മികത്വത്തിലാണ്. മലയാളഭാഷക്ക് ഒന്നാം പദവി കൊടുത്തതും ഇതേ മന്ത്രിസഭ തന്നെ. ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ ഒന്നല്ല രണ്ടുണ്ട് സര്‍ട്ടിഫിക്കറ്റ് തൊഴില്‍ യോഗ്യതയുള്ളത് എന്ന വിപ്ലവം കൊണ്ടുവന്നതും ഇതേ വിദ്യാഭ്യാസ മന്ത്രിയാണ്. എമര്‍ജിങ് കേരളയില്‍ പുരോഗതി പ്രാപിക്കുന്നത് കേരളം മുഴുവനും ജനത ഒന്നടങ്കവുമാണ്. കുടുംബശ്രീയുടെ ഗുണം സര്‍വമലയാളികള്‍ക്കുമാണ്. കേരളത്തിലെ റോഡ് നന്നായാല്‍ യാത്ര എളുപ്പമാകുന്നത് ഏതെങ്കിലുമൊരു സമുദായത്തിനു മാത്രമല്ല. നാട് മാലിന്യമുക്തമായാല്‍ ആരോഗ്യം മെച്ചപ്പെടുന്നതും ഒരു കൂട്ടരുടേത് മാത്രമാവില്ല. ഇതാണോ മുസ്‌ലിംലീഗ് മന്ത്രിമാരുടെ സാമുദായിക പക്ഷപാതം?
അതെന്തുമാവട്ടെ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പേരില്‍ ഒരു ക്ഷേത്രവും ഇവിടെ ആക്രമിക്കപ്പെട്ടിട്ടില്ല. ഗുജറാത്ത് കലാപത്തിന്റെ രോഷമായി ഒരു ഗുജറാത്തി തെരുവും ഇവിടെ തീവെക്കപ്പെട്ടിട്ടില്ല. ഒരു ഗുജറാത്തിക്കും അന്ന് ചെറുനഖത്തിന്റെ പോറലേറ്റ് പോലും ആസ്പത്രിയില്‍ പോകേണ്ടിവന്നിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷ ജനതയുടെ ഉള്ളില്‍ ഈ പ്രബുദ്ധത വളര്‍ത്തിയത് മുസ്‌ലിംലീഗാണ്. അതില്‍ മറ്റാരും പങ്ക് അവകാശപ്പെടാന്‍ വന്നിട്ടു കാര്യമില്ല. അതിനാണ് മുസ്‌ലിംലീഗ്.

Friday, May 27, 2011

VS നു ലോകായുക്തയുടെ നോട്ടീസ്

ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ ഉയര്‍ന്ന ഫീസ് നല്‍കി പരിശീലനത്തിനയച്ച് ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മകന്‍ വി.എ. അരുണ്‍കുമാര്‍, മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ ലോകായുക്ത ഉത്തരവായി.
വി.എസ്. അച്യുതാനന്ദന്‍ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഉയര്‍ന്ന ഫീസ് നല്‍കി വി.എ. അരുണ്‍കുമാര്‍ ഡയറക്ടറായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പരിശീലനത്തിനയച്ചു എന്നാണ് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എം.ജി.യില്‍ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നല്‍കിയും ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കുന്നുണ്ടെന്നിരിക്കെയാണിത്. എം.വി.ഐ. മാര്‍ക്ക് രണ്ടു ദിവസത്തെയും എ.എം.വി.ഐ. മാര്‍ക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാള്‍ക്ക് 2500 രൂപ വിതം ഫീസ് നല്‍കിയതായി പരാതിയില്‍ പറയുന്നു.
ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദന്‍ ലക്ഷ്യമിട്ടതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി. അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂര്‍ത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്കുവെച്ച് നിര്‍ത്തി. അതിനിടെ 1,60,000 രൂപ ഖജനാവിന് നഷ്ടം വന്നതായി പരാതിയില്‍ പറയുന്നു"

അധികം താമസിയാതെ VS ന്റെ തനി നിറം ജനത്തിന് മനസിലാകും.